Kerala

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ഇരവിപേരൂര്‍ സ്വദേശികളായ ദമ്പതികളും കൊച്ചു മകനും മരിച്ചു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. എല്‍ ആന്‍ഡ് ടി ബൈപാസിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അപകടം. ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ്, ഭാര്യാ ഷീബ ജേക്കബ്, കൊച്ചു മകന്‍ ആരോണ്‍ ( 2 മാസം പ്രായം )എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ദമ്പതികളുടെ മകൾ എലീന തോമസ് (30) ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലാണ്.

എലീന നഴ്സിങ് വിദ്യാർ‌ഥിനിയാണ്. ഇതുമായി ബന്ധപ്പെട്ട പരീക്ഷയ്ക്കായാണ് കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഈ മാസം 16 മുതൽ 20 വരെയാണ് പരീക്ഷ. എലീനയുടെ സഹോദരൻ അതുൽ ബെംഗളൂരുവിലുണ്ട്. അതുലിന്റെ വീട്ടിൽ‌നിന്നു പഠിക്കാനും പരീക്ഷയ്ക്കു പോകാനുമായിരുന്നു പദ്ധതി. എലീനയുടെ അമ്മ ഷീലയുടെ സഹോദരനും ബെംഗളൂരുവിലാണ് താമസം.

എലീനയുടെ ഭർത്താവ് പുനലൂർ സ്വദേശി അനീഷ് സൗദിയിലാണ്. 18 വർ‌ഷം മസ്കത്തിൽ ജോലി ചെയ്ത ജേക്കബ് 5 വർഷം മുൻപാണ് തിരിച്ചെത്തിയത്. 5 വയസ്സുകാരിയായ മൂത്ത മകളെ ഭർത്താവിന്റെ പുനലൂരിലെ വീട്ടിലാക്കിയ ശേഷമാണ് എലീന പിതാവിനും മാതാവിനുമൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കുറിയർ വാനുമായാണ് കാർ ഇടിച്ചത്. രാവിലെ പതിനൊന്നരയോടെ മധുക്കര എൽആൻഡ്ടി ബൈപാസിൽ നയാര പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button