ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും വൻ തിരക്ക്. പതിനെട്ടാം പടി കയറാൻ തീർഥാടകർ 16 മണിക്കൂർ വരെ കാത്തുനിന്നു. ഇന്നലെ വെർച്വൽക്യു ബുക്കിംഗുകൾ എൺപതിനായിരത്തിൽ താഴെയായിരുന്നു.
ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. ഇതിനു പുറമേ പമ്പയിൽ തടഞ്ഞു നിർത്തിയവർ, വഴികളിൽ വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവർ തുടങ്ങി എല്ലാവരും ഇന്നലെ പുലർച്ചെ ദർശനത്തിനെത്തി. കൂടാതെ ഇന്നലെ ബുക്ക് ചെയ്തവരും വന്നു. ഇതാണു തിരക്ക് ക്രമാതീതമായി വർധിക്കാൻ കാരണം.
പടി കയറാനുള്ള തിരക്ക് ഇന്നലെ വൈകിട്ട് അപ്പാച്ചിമേട് മുകൾഭാഗം വരെയുണ്ടായിരുന്നു. അപ്പാച്ചിമേട് മുതൽ പമ്പ വരെ കുത്തനെയുള്ള ഇറക്കമായതിനാൽ അവിടെ ആരെയും ക്യു നിർത്തുന്നില്ല. പകരം പമ്പയിലാണ് തടയുന്നത്.
ഇന്നലെ രാവിലെ 10.30 വരെ എരുമേലിയിൽ വാഹനങ്ങൾ നിയന്ത്രിച്ചാണു കടത്തി വിട്ടത്. എന്നാൽ പത്തനംതിട്ട, ളാഹ, പ്ലാപ്പള്ളി റൂട്ടിൽ ഇന്നലെ പകൽ വാഹനങ്ങൾ തടഞ്ഞില്ല. നാളെ മുതൽ 25 വരെ വെർച്വൽക്യു ബുക്കിങ് 80,000 മുകളിലാണ്. മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന 26നും മണ്ഡല പൂജ 27നും ആണ്.
Huge crowd at Sabarimala