വധശ്രമക്കേസിൽ കൊട്ടേഷൻ നൽകിയ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി
പത്തനംതിട്ട: മുൻവിരോധം കാരണം, ക്വട്ടേഷൻ സംഘത്തിന് പണം കൊടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഗൂഡാലോചനയിൽ ഉൾപ്പെട്ട അഞ്ചാം പ്രതിയെ മുംബൈയിൽ നിന്നും തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടിൽ അനീഷ് എൻ പിള്ള (42) യെയാണ് മുംബൈ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.
കവിയൂർ ആഞ്ഞിലിത്താനം പഴമ്പള്ളിൽ മനീഷ് വർഗീസിനെ കൊല്ലാൻ ശ്രമിച്ചകേസിലെ അഞ്ചാം പ്രതിയാണ്. ഇയാളാണ് നാലംഗ സംഘത്തിന് കൊട്ടേഷൻ കൊടുത്തത്.ആറാം പ്രതി അഭിലാഷ് മോഹൻ, ഏഴാം പ്രതി സജു എന്നിവരെ 2024 ജനുവരി 10 നും, മാർച്ച് 12 നുമായി അന്വേഷണസംഘം പിടികൂടുകയും ചെയ്തു. അഭിലാഷ് മോഹൻ, സജു എന്നിവരുമായി അനീഷ് ഗൂഡാലോചന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് അനിൽ കുമാർ, വിഷ്ണു, സതീഷ് കുമാർ, റോയ് എന്നിവരെ കൃത്യം നടത്താൻ ഏൽക്കുകയും, ഒക്ടോബർ 10 ന് മനീഷ് വർഗീസിനെ സംഘം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കയായിരുന്നു.
പ്രതികൾ തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ബാങ്ക് രേഖകളും, വാട്സ്ആപ് സന്ദേശങ്ങളും പോലീസ് പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. അനീഷ് അഭിലാഷ് മോഹൻ, സജു എന്നിവരുമായി നടത്തിയ സാമ്പത്തിക ഇടപാട് പോലീസ് കണ്ടെത്തി. തുടർന്നാണ്, ഈവർഷം അഭിലാഷിനെയും സജുവിനെയും പിടികൂടിയത്.
പിന്നീട് കേസിൽ അന്വേഷണം പൂർത്തിയാക്കി പോലീസ് ഇൻസ്‌പെക്ടർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ന്യൂസിലാന്റിൽ കഴിയുന്ന അനീഷിനുവേണ്ടി ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറപ്പെടുവിപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ളതിനാൽ മുംബൈ എയർപോർട്ടിൽ ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. എയർപോർട്ട് ഇമിഗ്രേഷനിൽ നിന്ന് വിവരം അറിയിച്ചതനുസരിച്ച്, തിരുവല്ലയിൽ നിന്നും പോലീസ് സംഘം അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എസ് ഐ മുഹമ്മദ് സാലിഹ്, എസ് സി പി ഓ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.തുടർ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മുഹമ്മദ് സാലിഹ്, എ എസ് ഐ അജികുമാർ, എസ് സി പി ഓ അഖിലേഷ് എന്നിവർ പങ്കെടുത്തു.