Kerala

അയ്യപ്പഭക്തരുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം : രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കൾ പോലീസിന്റെ പിടിയിൽ

വനത്തിനുള്ളിൽ അതിക്രമിച്ചുകയറി അയ്യപ്പഭക്തരുടെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത് ബോധ്യപ്പെട്ടതിനെ തുടർന്ന് രണ്ട് പേരെ സന്നിധാനം പോലീസ് പിടികൂടി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ സന്നിധാനം എസ് എച്ച് ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ സന്നിധാനം മരക്കൂട്ടം കാനനപാതയിൽ പെട്രോളിങ്ങ് നടത്തുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളായ യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇവർ രണ്ട് ദിവസമായി കാനനപാതയിൽ ഭക്തരുടെ ഇടയിൽ സംശയകരമായ നിലയിൽ ചുറ്റിപ്പറ്റി നിൽക്കുകയും, ഇടയ്ക്ക് കാട്ടിനുള്ളിൽ കയറിപ്പോകുന്നതായും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തമിഴ് നാട് തേനി പൊൻനഗർ, 32 കാളിയമ്മൻ കോവിൽ സ്ടീറ്റിൽ കറുപ്പു സ്വാമി (39), തേനി ഉത്തമ പാളയം ന്യൂകോളനി സീ ബാലക്കോട്ട മൈ ബോസ് ‘234/2 വസന്ത് തങ്കമയി ( 24) എന്നിവരാണ് അറസ്റ്റിലായത്. മരക്കൂട്ടം ക്യൂ കോംപ്ലക്സിന് സമീപം 50 മീറ്റർ വനത്തിനുള്ളിൽ കയറിയിരിക്കുകയായിരുന്നു ഇവർ. സംശയം തോന്നി പോലീസ് സംഘം ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായി മറുപടി നൽകി. ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ പാസോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇവരുടെ കയ്യിൽ ഇല്ലായിരുന്നു.

വിശദമായ ചോദ്യം ചെയ്തതിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരോ, ശബരിമലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരോ അല്ല എന്നും, പെരിയാർ ടൈഗർ റിസർവ്വ് ഫോറസ്റ്റിൽ അതിക്രമച്ചു കയറി ഭക്തരുടെ സാധനങ്ങൾ അപഹരിക്കുവാൻ ഉദ്ദേശമുണ്ടെന്നും ബോധ്യപ്പെട്ടു. തുടർന്ന്, സ്ഥലത്തു വച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് സന്നിധാനം സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് വനനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ് എച്ച് ഓയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.എസ് ഐ സനിൽ, എസ് സി പി ഓ അജയൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button