പമ്പയാറ്റില്‍ ഒഴുക്കിൽപ്പെട്ട് ശബരിമല തീര്‍ഥാടകരായ രണ്ടുപേര്‍ മുങ്ങി മരിച്ചു
Two Sabarimala pilgrims drowned in Pamba River
ചെങ്ങന്നൂർ: പമ്പയാറ്റില്‍ പാറക്കടവില്‍ രണ്ട് ശബരിമല തീർഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ചെന്നൈ ടീ നഗര്‍ സ്വദേശി ദാമോദരന്റെ മകന്‍ സന്തോഷ്(19), ബന്ധുകൂടിയായ ബോസിന്റെ മകന്‍ അവിനാഷ്(21) എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ശബരിമലയില്‍ ചൊവ്വാഴ്ച ദര്‍ശനം നടത്തിയ ശേഷം ചെങ്ങന്നൂരിലെത്തി തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന സംഘത്തിലെ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
അഗ്‌നിശമനസേനയുടെ സ്‌കൂബ ടീം രണ്ടു മണിക്കൂറെടുത്ത് നടത്തിയ തിരിച്ചിലിനൊടുവില്‍ പാറയുടെ ഭാഗത്ത് ഇരുനൂറ് മീറ്റര്‍ മാറി ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചത്.
ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ 22 അംഗസംഘത്തിൽ 10 പേരാണ് കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍പ്പെട്ട സന്തോഷിനെ രക്ഷിക്കാനിറങ്ങിയപ്പോള്‍ അവിനാഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. സന്തോഷിന്റെ അച്ഛന്‍ ദാമോദരനും സഹോദരന്‍ മണിയും സംഘത്തില്‍ ഉണ്ടായിരുന്നു.
നഗരസഭയുടെ മുന്നറിയിപ്പ് ബോര്‍ഡ് അപകടം നടന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതിന് മുന്‍പ് ഇവിടെ നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
Two Sabarimala pilgrims drowned in the Pamba River