
കൊച്ചി: പതിമൂന്നുവയസ്സുകാരിയായ മകൾ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്സ് കോടതി ജഡ്ജ് കെ.സോമനാണ് വിധി പുറപ്പെടുവിച്ചത്. സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 1,70,000 രൂപ പിഴയും അടയ്ക്കണം.
ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.
2021 മാർച്ച് 22നാണ് വൈഗയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മ വീട്ടിൽ നിന്ന് വൈഗയെ കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്കു കൂട്ടിക്കൊണ്ടു വന്ന സനു മോഹൻ കുട്ടിക്ക് ശീതള പാനീയത്തിൽ മദ്യം ചേർത്തു നൽകി അബോധാവസ്ഥയിലാക്കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും പിന്നീട് മുട്ടാർ പുഴയിൽ എറിഞ്ഞെന്നുമാണ് കേസ്. വൻ കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോകാൻ തീരുമാനിച്ച സനു മോഹൻ ഭാര്യയും ബന്ധുക്കളും മകളെ നന്നായി നോക്കില്ലെന്നു ചിന്തിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
കൊലപാതക ശേഷം കേരളം വിട്ട പ്രതി ഗോവ, കോയമ്പത്തൂര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. ഒരു മാസത്തിനു ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണു സനു പിടിയിലായത്.
Vaiga Murder case verdict