Kerala

മാനന്തവാടി നഗരത്തിൽ കാട്ടാന; കർണാടകയുടെ സഹായം തേടി

പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങി. മയക്കുവെടി വയ്ക്കാന്‍ ഒരുക്കങ്ങളുമായി വനംവകുപ്പ്. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണു മാനന്തവാടി ടൗണിലെ കണിയാരത്ത്‍ ആളുകള്‍ ആദ്യം കണ്ടത്. കര്‍ണാടക വനാതിര്‍ത്തിയില്‍ വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചു തുറന്നുവിട്ട ആനയാകാം ഇതെന്നാണു നിഗമനം. നഗരത്തിലെ സ്കൂളുകള്‍ക്ക് തഹസില്‍ദാര്‍‍ അവധി നല്‍കി. പ്രദേശത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയെ തിരികെ വനത്തിലേക്ക് കയറ്റാനുള്ള ശ്രമം നടക്കുകയാണ്.

മാനന്തവാടിയിലെ സ്‌കൂളുകളിൽ എത്തിയ കുട്ടികൾ ക്‌ളാസിൽ തന്നെ തുടരാനും, സ്‌കൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ കുട്ടികൾ വീട്ടിൽ തുടരാനും അധികൃതർ നിർദ്ദേശം നൽകി. മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്‌കൂളുകളിലേക്ക് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുട്ടികളെ അയക്കരുതെന്ന് തഹസിൽദാർ നിർദ്ദേശം നൽകി.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മാനന്തവാടി ടൗണിലേക്ക് ആളുകൾ വരുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. ആളുകൾ കൂട്ടംകൂടുകയോ ആനയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയോ ആനയെ പ്രകോപിപ്പിക്കുകയോ ചെയ്‌താൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകി. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യയിലേക്ക് വനംവകുപ്പ് നീങ്ങാനാണ് സാധ്യത.

റേഡിയോ കോളർ ഘടിപ്പിച്ച ആന കർണാടകയിൽനിന്നുള്ളതാണ്. വയനാട് കലക്ടർ കർണാടകത്തിലെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അവരുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

Related Articles

Back to top button