Kerala

ചങ്ങനാശേരിയിൽ യുവാവിന്റെ മരണം കൊലപാതകം: തൃക്കൊടിത്താനം സ്വദേശികൾ അറസ്റ്റിൽ

Young man's death in Changanassery is a murder

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ ഒളിച്ചു വച്ചിരുന്ന മദ്യക്കുപ്പി എടുത്തു മാറ്റിയതിന്റെ പേരിൽ കൊലപാതകം. തൃക്കൊടിത്താനം സ്വദേശി അഭിലാഷിന്റെ കൊലപാതകത്തിൽ തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് വീട്ടിൽ അഖിൽ എന്ന് വിളിക്കുന്ന ജോസഫ് സേവ്യർ (25), ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് ആനന്ദപുരത്ത് വാര്യം വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണവാര്യർ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

സന്നിപാതത്തെ തുടർന്നുള്ള മരണമെന്ന് ആദ്യം കരുതിയ സംഭവം പോസ്റ്റുമോർട്ടത്തിലൂടെയാണ് കൊലപാതകം എന്ന് തെളിഞ്ഞത്. ഇക്കഴിഞ്ഞ നവംബർ 13 നാണ് ചങ്ങനാശേരി ബവ്കോ ഔട്ട്ലെറ്റിന് സമീപമുള്ള വീട്ടുപരിസരത്ത് തൃക്കൊടിത്താനം സ്വദേശി അഭിലാഷിനെ അവശ നിലയിൽ കണ്ടെത്തിയത്. ഇവിടെനിന്ന് പോലീസ് ആണ് അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജിൽ ഏതാണ്ട് ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഡിസംബർ എട്ടിന് അഭിലാഷ് മരിച്ചു.

ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ അഭിലാഷിന്റെ ശരീരത്തിൽ മർദ്ദനം ഏറ്റിട്ടുണ്ടെന്നും വാരിയെല്ലുകൾ തകർന്നിട്ടുണ്ടെന്നും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിലാഷിന്റെ സുഹൃത്തുക്കളായ ജോസഫ് സേവ്യറും ഉണ്ണികൃഷ്ണ വാര്യരും അറസ്റ്റിലായത്. സംഭവദിവസം മൂന്നുപേരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പിന്നീട് മദ്യപിക്കാനായി ഉണ്ണികൃഷ്ണനും ജോസഫും ചേർന്ന് ഒരു കുപ്പി മദ്യം മാറ്റിവച്ചിരുന്നു. ഇതു മനസ്സിലാക്കിയ അഭിലാഷ് മറ്റൊരാളെ കൊണ്ട് മദ്യം വെച്ചിരുന്ന സ്ഥലത്തുനിന്ന് എടുത്തുമാറ്റി. ഇതിൻറെ പേരിൽ അഭിലാഷിനെ മർദ്ദിക്കുകയായിരുന്നു എന്നാണ് ഉണ്ണികൃഷ്ണനും ജോസഫും പോലീസിന് നൽകിയ മൊഴി. ചങ്ങനാശ്ശേരി ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു മർദ്ദനം.തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

അക്രമത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ തോമസ് ജോസഫ്, പ്രസാദ് ആർ.നായർ, എ.എസ്.ഐ മാരായ രഞ്ജിവ് ദാസ്, ജീമോൻ മാത്യു, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി,അനിൽകുമാർ, അനീഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Related Articles

Back to top button