KeralaNews

സിപിഎമ്മും ബിജെപിയും ഒക്കച്ചങ്ങാതിമാര്‍; മോദി ആഗ്രഹിക്കുന്നത് പിണറായി നടപ്പാക്കുന്നു..

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹങ്ങൾ നടപ്പിലാക്കാനുള്ള ദൗത്യത്തിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല. എറണാകുളം ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും, ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒപ്പം പിണറായി വിജയന്‍ മത്സരിക്കുകയാണ്. ഇതില്‍ ഒന്നാം സ്ഥാനത്തെത്തണമെന്ന വാശിയിലാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും സഖ്യകക്ഷികളാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ബി.ജെ.പിയും ബി.ജെ.പിക്ക് വേണ്ടി മുഖ്യമന്ത്രിയും പ്രസ്താവനകൾ നടത്തുന്ന വിചിത്രമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ജനങ്ങളെ വർഗീയമായി വേർതിരിക്കുന്ന കാര്യത്തിൽ മോദിയോട് മത്സരിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

ഉണങ്ങേണ്ട മുറിവുകൾ മുഖ്യമന്ത്രി വീണ്ടും മാന്തിപ്പൊളിക്കുകയാണ്. മാറാട് കലാപം വീണ്ടും ആവർത്തിക്കുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ച് വർഷക്കാലത്ത് ഒരു വർഗീയ കലാപം പോലും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷ വോട്ടുകൾക്കായി സി.എ.എ (CAA) വിഷയം ഉയർത്തിയ മുഖ്യമന്ത്രി, ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ ആഗോള അയ്യപ്പ സംഗമം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button