
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ.
വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
അതേസമയം കണ്ഠരര് രാജീവരെ സബ് ജയിലിലേക്ക് മാറ്റി.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത കണ്ഠരര് രാജീവരെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെത്തിച്ചു. ജയിലിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ച കണ്ഠരര് രാജീവര് താൻ നിരപരാധിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞു. കുടുക്കിയതാണോ എന്ന ചോദ്യത്തിന് ഉറപ്പ് എന്നും തന്ത്രി മറുപടി നൽകി. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.






