എ ഡി എം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലപഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബു ക്വാർട്ടേഴ്സ് മുറിയിൽ ജീവനൊടുക്കിയത്. ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളാണ് രംഗത്ത് വന്നത്.
കണ്ണൂരിലെ പള്ളിക്കുന്നിലെ നവീന്റെ ക്വട്ടേഴ്‌സിന് മുന്നിലും ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും യൂത്ത് കോൺഗ്രസ്, യുവമോർച്ച, ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു മാറ്റി.
പത്തനംതിട്ട എ ഡി എം ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാനിരിക്കെയാണ് പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശി നവീൻ ബാബുവിൻ്റെ മരണം. രാവിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ചടങ്ങിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു.