
സന്നിധാനത്തും പമ്പയിലുമടക്കം പൊന്നമ്പലമേടു കാണാവുന്ന ഇടങ്ങളിലെല്ലാം മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് നിര്‍വൃതിയുടെ നിമിഷം. ശരണം വിളികളോടെ മലകയറിയെത്തിയ ആയിരക്കണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ വിശ്വാസികൾ ദർശനപുണ്യം നേടി.






