
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്ഐടിയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. സ്വർണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് ഇത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയുടെ പങ്ക് സ്ഥിരീകരിക്കുന്ന കൃത്യമായ വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. മുമ്പ് രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്ത്രി ചില അസൗകര്യങ്ങൾ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിരിക്കുന്നത്. ദൈവതുല്യരായ ആളുകള്‍ പിന്നിലുണ്ടെന്ന് സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.






