CareerNews

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചുതുടങ്ങി..

സംസ്ഥാന സർക്കാർ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ 9861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ . ബുധനാഴ്ചയാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ അതുവരെ ലഭിച്ച അപേക്ഷകളിൽ അർഹരായ 10,000 പേർക്ക് സ്കോളർഷിപ്പ് അനുവദിച്ചു. എല്ലാവർക്കും പ്രതിമാസ ഗഡുവായ 1000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക എത്തിയിട്ടുള്ളത്.

ബാക്കിയുള്ളവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തടസം മൂലം തുക ക്രഡിറ്റ് ആയിട്ടില്ല. തടസം പരിഹരിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകളിലും തുക എത്തും. പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് തടസമില്ലാതെ തങ്ങളുടെ ശ്രമം തുടരുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് കടക്ട് ടു വർക്ക് പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്.കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ യുവതി യുവാക്കൾക്കാണ് പദ്ധതിയിൽ സ്കോളർഷിപ്പ് അനുവദിക്കുന്നത്. കേളത്തിലെ സ്ഥിരതാമസക്കാർക്കാണ് സഹായത്തിന് അർഹത. 18 വയസ് പൂര്‍ത്തിയായരും 30 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷ നൽകാം.

കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ / ഡീംഡ് സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെൻ്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അർഹരായ ആദ്യത്തെ 5 ലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും.യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ എംപ്ലോയ്മെൻറ് വകുപ്പു മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകൾ സമർപ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button