NewsWorld

ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരം; തീരുവ 75 ശതമാനമായി ഉയരാൻ സാധ്യത..

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റ പ്രസ്താവന ഇന്ത്യക്കും തലവേദന. നിലവിൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷയായി 50 ശതമാനം തീരുവയാണ് യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയത്. പുറമെയാണ് പുതിയ ഭീഷണി. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെങ്കിലും ഇന്ത്യയും ഇറാനുമായി വാണിജ്യ ബന്ധം സൂക്ഷിക്കുന്നുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കും ഇറാനുമായി ബന്ധമുണ്ട്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. 0.44 ബില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതിയും ചെയ്തു. ഇത് മൊത്തം വ്യാപാരം 1.68 ബില്യൺ ഡോളറാണ് (ഏകദേശം 14,000 – 15,000 കോടി രൂപ) ഇറാനുമായുള്ള വാണിജ്യ ബന്ധം.ട്രേഡിംഗ് ഇക്കണോമിക്സിന്റെ റിപ്പോർട്ട് പ്രകാരം, ഇവയിൽ ഏറ്റവും വലിയ പങ്ക് 512.92 മില്യൺ ഡോളർ വിലമതിക്കുന്ന ജൈവ രാസവസ്തുക്കളുടെ വ്യാപാരമാണ്. പഴങ്ങൾ, പരിപ്പ്, സിട്രസ് പഴങ്ങളുടെ തൊലികൾ, തണ്ണിമത്തൻ എന്നിവയാണ് മറ്റ് ഉൽപ്പന്നങ്ങൾ. ധാതു ഇന്ധനങ്ങൾ, എണ്ണകൾ തുടങ്ങിയവയും ഉൾപ്പെടുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഇതിനകം 50 ശതമാനം വരെ ഉയർന്ന തീരുവ ചുമത്തിയിട്ടുണ്ട്. ഇറാൻ താരിഫ് കൂടി അമേരിക്ക നടപ്പാക്കിയാൽ ഇന്ത്യക്ക് മേൽ 75 ശതമാനം തീരുവയാകും.

ഇത് ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ സങ്കീർണമാക്കിയേക്കാം. അതേസമയം, ഇരുരാജ്യങ്ങളും താരിഫ് ഇളവ് നൽകുന്ന ഒരു കരാറിന് അന്തിമരൂപം നൽകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

അതേസമയം അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരും എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ ട്രംപിന്‍റെ തീരുവ പ്രഖ്യാപനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button