
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് സതീശൻ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്ട്രീയ മര്യാദ കാണിക്കണം. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടമായില്ല. വി ഡി സതീശന് മുസ്ലിം ലീഗിന്റെ സ്വരമാണ് ഇപ്പോൾ. വി ഡി സതീശന് വട്ടാണ്, ഊളമ്പാറയ്ക്ക് അയക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
സതീശൻ മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി പറഞ്ഞു.അതേസമയം യു ഡി എഫ് അധികാരത്തിൽ എത്തിയാൽ ഭരിക്കാൻ പോകുന്നത് മുസ്ലീം ലീഗായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. എന്‍റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വർഗീയ കലാപം ഉണ്ടാക്കാനാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മാറി, ഇനി നായാടി മുതൽ നസ്രാണി വരെ എന്നതാണ് മുദ്രാവാക്യം. നായാടി മുതൽ നസ്രാണി വരെയുള്ളവർ ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്നും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.





