Tech News

സൈബര്‍ തട്ടിപ്പുകാര്‍ക്ക് എതിരെ പരാതി കൊടുക്കാം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ

ടെലികോം സര്‍വീസുകള്‍ വഴി തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളതായി സംശയം തോന്നിയാല്‍ ഉടനടി പരാതി നല്‍കാം. സംശയാസ്‌പദമായ എല്ലാ ഫോണ്‍ കോളുകളും മെസേജുകളും വാട്‌സാപ്പ് സന്ദേശങ്ങളും ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ടെലികോം മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താം. സംശയാസ്‌പദമായ ഫോണിടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ തട്ടിപ്പിന് വിധേയരാവും മുമ്പേ ജാഗ്രത പാലിക്കാനാകും. ബാങ്ക് അക്കൗണ്ട്, കെവൈസി അപ്‌ഡേറ്റ്, പെയ്‌മെന്‍റ് വാലറ്റ്, സിം, ഗ്യാസ് കണക്ഷന്‍, ഇലക്ട്രിസിറ്റി, ഡീആക്‌റ്റിവേഷന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള തട്ടിപ്പുകള്‍, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ നീളുന്ന സൈബര്‍ ക്രൈമുകള്‍ക്കുള്ള സാധ്യതകള്‍ ഇങ്ങനെ ഓണ്‍ലൈനായി നിമിഷങ്ങള്‍ കൊണ്ട് അധികാരികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.

എങ്ങനെ പരാതി നല്‍കാം?

https://sancharsaathi.gov.in/sfc/Home/sfc-complaint.jsp എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വളരെ ലളിതമായി പരാതി ഇതില്‍ സമര്‍പ്പിക്കാം.

സെലക്ട് മീഡിയം എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത്, കോള്‍, എസ്എംഎസ്, വാട്‌സ്‌ആപ്പ് എന്നിവയിലേത് മാര്‍ഗം വഴിയാണ് സംശയാസ്‌പദമായ ഫോണ്‍വിളിയോ സന്ദേശമോ ലഭിച്ചത് എന്ന് രേഖപ്പെടുത്തുക. ഇതിന് ശേഷം തൊട്ടുതാഴെയുള്ള സെലക്ട് കാറ്റഗറി എന്ന ഓപ്ഷനില്‍ എന്തുതരം കുറ്റകൃത്യമാണ് (ഉദാ: ഫേക്ക് കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഹെല്‍പ്‌ലൈന്‍) ശ്രദ്ധയില്‍പ്പെട്ടത് എന്ന് നല്‍കണം. ഇതിന് ശേഷം സ്ക്രീന്‍ഷോട്ട് സമര്‍പ്പിക്കുകയും തട്ടിപ്പ് മെസേജോ കോളോ കിട്ടിയ സമയവും തിയതിയും രേഖപ്പെടുത്തുകയും ചെയ്യുക. പരാതിയില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്താനുള്ള കോളവുമുണ്ട്. ഇതിന് ശേഷം പരാതിക്കാരന്‍റെ പേരും ഫോണ്‍ നമ്പറും ഒടിപിയും നല്‍കുന്നതോടെ പരാതി നല്‍കല്‍ പൂര്‍ണമാകും.

എന്നാല്‍ നിങ്ങള്‍ ഇതിനകം സാമ്പത്തിക തട്ടിപ്പിനോ മറ്റെന്തെങ്കിലും സൈബര്‍ ക്രൈമിനോ വിധേയരായിക്കഴിഞ്ഞാല്‍ 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ്‌ലൈന്‍ നമ്പറിലോ https://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി നല്‍കുകയാണ് ചെയ്യേണ്ടത്.

How to report suspected fraud calls and SMS through online?

Back to top button