ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്: ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി നേരത്തേ ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് ഇന്ന് തന്നെ പുറത്തുവിട്ടത്.
233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ചില പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.
ചലച്ചിത്ര രംഗത്തുള്ളവർ ആ മേഖലയിൽ മറ്റാരെയും വിലക്കാൻ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ പറയുന്നു. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.
മലയാള സിനിമാ രംഗംവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമാരംഗത്ത് പുറമേയുള്ള തിളക്കം മാത്രം. അവസരം ലഭിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും പുറത്ത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗിക ചൂഷണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമാതാക്കളുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കുമെന്നും റിപ്പോർട്ട്.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. 2019 ഡിസംബറിൽ ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുൻപ് തള്ളിയിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. വിവരാവകാശ കമ്മിഷന്റ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ കമ്മിഷൻ നിർദേശപ്രകാരം റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി.
പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലർ കമ്മിഷനോട് പരാതിപ്പെട്ടു.