പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും
പത്തനംതിട്ട : പിന്നോക്ക വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും, ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പ്രതിക്ക് 12 വർഷം കഠിനതടവും 2,10,000 രൂപ പിഴയും. കോന്നി പയ്യനാമൺ തേക്കുമല എന്ന സ്ഥലത്ത് തേക്കുമല പുത്തൻ വീട്ടിൽ രാജേഷ് (35) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വകുപ്പുകൾ 6,5(l) പ്രകാരം 10 വർഷവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 451 പ്രകാരം 2 വർഷവും ശിക്ഷ വിധിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും രണ്ടാഴ്ചയും അധികകഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.
2015 ഓഗസ്റ്റിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി കിടപ്പുമുറിയിൽ വച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി, ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പലദിവസങ്ങളിൽ പിന്നീട് ലൈംഗിക വേഴ്ചക്ക് വിധേയയാക്കി. മാത്രമല്ല, ഇവ സുഹൃത്തുക്കൾക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു. 2017 ലാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. തുടർന്ന്, കോന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്നത്തെ എസ് ഐ ബി രാജാഗോപാൽ രജിസ്റ്റർ ചെയ്ത കേസ്, അടൂർ ഡി വൈ എസ് പി ആയിരുന്ന എസ് റഫീഖ് അന്വേഷിച്ചു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി ഡി വൈ എസ് പി ആർ ജോസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ജെയ്‌സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എ എസ് ഐ ഹസീന കോടതിനടപടികളിൽ സഹായങ്ങൾ നൽകി.