Kerala
ചെങ്ങന്നൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായികാദ്ധ്യാപകൻ പിടിയിൽ
മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. കുട്ടംപേരൂർ എസ്.എൻ. സദനം വീട്ടിൽ എസ്. സുരേഷ് കുമാറി (കുമാർ-43) നെയാണ് മാന്നാർ പോലീസ് അറസ്റ്റുചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താത്‌കാലിക കായികാധ്യാപകനായി ജോലിചെയ്തിരുന്ന സുരേഷ് കുമാർ സ്കൂളിൽ കുട്ടികൾക്കു കായികപരിശീലനം നൽകുന്നതിനിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
വിദ്യാർഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ പോലീസിൽ പരാതി നൽകി. ഒരാഴ്ചയായി ഒളിവിൽക്കഴിഞ്ഞ പ്രതിയെ മാന്നാർ എസ്.എച്ച്.ഒ. എ. അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതി പല വിദ്യാർഥിനികൾക്കു നേരേയും പീഡനശ്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.