ഈസ്റ്ററിനും ക്രിസ്മസിനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുന്തിരി വൈന്‍. വൈനുകള്‍ പല തരമുണ്ടെങ്കിലും മുന്തിരിവൈനാണ് വൈനുകളിലെ താരം. പുറത്തു നിന്നും വാങ്ങുന്നതിനെക്കാളും ഗുണമേന്മ ഉള്ള വൈന്‍ വളരെ എളുപ്പത്തില്‍ നമുക്ക് വീടുകളില്‍ ഉണ്ടാക്കാം.
മുന്തിരി വൈന്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
മുന്തിരി – 3 കിലോ
പഞ്ചസാര – 1.5 കിലോ
തിളപ്പിച്ചാറിയ വെള്ളം- 1 ലിറ്റര്‍ (വൈന്‍ കൂടുതല്‍ ഉണ്ടാകാന്‍ വേണ്ടിയാണ് വെള്ളം ചേര്‍ക്കുന്നത് വേണമെങ്കില്‍ വെള്ളം ഒഴിവാക്കാം)
ഗോതമ്പ് – 200 ഗ്രാം
പട്ട – 3 കഷ്ണം
ഏലക്കായ – 3 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
ഇഞ്ചി ചതച്ചത് – ചെറിയ കഷ്ണം
യീസ്റ്റ് – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യം തന്നെ ചൂടുവെള്ളത്തില്‍ യീസ്റ്റ്, പഞ്ചസാര ചേർത്തിളക്കി പൊങ്ങാൻ വെക്കുക.
മുന്തിരി തിളപ്പിച്ച് ആറിയ വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്‍ന്നു പോയതിനു ശേഷം മിക്സിയില്‍ ഇട്ട് നന്നായി ഉടയ്ച്ചു എടുക്കുക. അതിലേക്ക് പഞ്ചസാര ചേര്‍ത്തു ഇളക്കുക. പട്ട, ഗ്രാമ്പു, ഏലക്കായ, ഒരു ചെറിയ കഷ്ണം ഇഞ്ചി, യീസ്റ്റ്, പഞ്ചസാര ചേർത്തിളക്കി നേരത്തെ വെച്ച മിശ്രിതം എന്നിവ വെള്ളവും ചേർത്തിളക്കുക.
ഇവ ഭരണിയില്‍ ഒരു വെള്ള തുണി കൊണ്ട് അടച്ചു കെട്ടി നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും ചിരട്ട തവി ഉപയോഗിച്ചു ഇളക്കുക. പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കാതെ അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം മിശ്രിതം നന്നായി അരിച്ചെടുക്കുക.
നാലു ദിവസത്തേക്ക് അനക്കാതെ വെച്ചതിനു ശേഷം അടിയിൽ ഉള്ള ഊറൽ നന്നായി അരിച്ചെടുത്ത ശേഷം നിറമുള്ള കുപ്പിയില്‍ ആക്കി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം.
How to make red wine at home?