Kerala

വീട്ടിൽ അതിക്രമിച്ചകയറി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമം : യുവാവ് പിടിയിൽ


കോന്നി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂർ കാണക്കാരി പറമ്പാട്ട് വീട്ടിൽ സനോജ് എന്ന് വിളിക്കുന്ന എബിൻ മോഹനെ(37)യാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാൾ സ്ത്രീയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ദേഹത്ത് മുറിവേൽപ്പിച്ചും , കൈകൊണ്ട് വായ് പൊത്തിപിടിച്ചും ക്രൂരമായാണ് ഇയാൾ കൃത്യത്തിന് മുതിർന്നത്. സ്ത്രീയുടെ വായ്ക്കുള്ളിൽ മുറിവ് ഉണ്ടാവുകയും ഒരു അണപ്പല്ല് പറിഞ്ഞുപോകുകയും ചെയ്തു.

കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ്, പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ശാസ്ത്രീയ അന്വേഷണസംഘം, ഫോറെൻസിക് വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ, ഡിപ്പാർട്മെന്റ് ഫോട്ടോഗ്രാഫർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.

സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതിയെ, വ്യാപകമാക്കിയ തെരച്ചിലിന് ഒടുവിൽ കോന്നി പോലീസ് കാണക്കാരിയിൽ നിന്നും ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരാക്കി വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി.

ഒറ്റയ്ക്കാണ് താമസമെന്ന് മനസ്സിലാക്കിയ പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് വീട്ടിനുള്ളിൽ കടന്ന് ക്രൂരമായ രീതിയിൽ കീഴ്പ്പെടുത്തി ബലാൽസംഗത്തിന് മുതിർന്നത്. കോന്നിയിലെ ഭാര്യവീട്ടിൽ 4 മാസമായി ഇയാൾ താമസിച്ചുവരികയാണ്. കോന്നിയിലെ മാരുതി ഷോറൂമിൽ സ്പ്രേ പെയിന്റർ ആയി ജോലി ചെയ്യുന്ന ഇയാൾ എന്നും മദ്യപിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തിൽ സി പി ഓ മാരായ അൽസാം,അനീഷ്, ജോസൺ, അഭിലാഷ് എന്നിവരാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button