Kerala

കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവം: മകൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് മാതാപിതാക്കൾ

കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ എന്ന് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയേക്കും.

കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇവിടെ താമസിക്കുന്ന ബിസിനസുകാരൻ, ഭാര്യ, മകൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്. മകൾ ഗർഭിണിയായിരുനെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക റിപോർട്ടുകൾ. പ്രസവിച്ച ഉടൻ തന്നെയാണു കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്നാണു കരുതുന്നത്.

നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്ലാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയർ വന്ന ഒരു കവറിലാണ്. ഈ കവർ രക്തത്തിൽ കുതിർന്ന നിലിലായിരുന്നു. ഒടുവില്‍ ഇതിൽനിന്ന് ബാർകോ‍‍ഡ് സ്കാൻ ചെയ്തെടുത്താണു പൊലീസ് പ്രതികളിലേക്ക് എത്തിയത്. അതേസമയം, ഈ ഫ്ളാറ്റിന്റെ ഉടമസ്ഥൻ അല്ല, വാടകയ്ക്ക് വീട് എടുത്തവരാണ് ഇവിടെ താമസിക്കുന്നത് എന്നാണ് സൂചന.

ഒരു പൊതി ഫ്ലാറ്റിന്റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ താഴേക്കു പതിക്കുന്നതു സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതോടെയാണു സംശയമുന ഈ അപ്പാർട്ട്മെന്റിലേക്കു തിരിഞ്ഞത്. 21 ഫ്ലാറ്റുകളാണ് ഇതിലുള്ളത്. അതിൽ മൂന്നെണ്ണത്തിലാണു താമസക്കാരില്ലാത്തത്.

ഇന്നു രാവിലെ 8.15നാണ് കുറിയർ കവറിൽ പൊതിഞ്ഞ നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്നു മനസ്സിലായി. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി വരികയാണ്. ഡിസിപി കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Related Articles

Back to top button