കറുകച്ചാലിൽ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസിൽ യുവാവ് അറസ്റ്റിൽ
കറുകച്ചാലിൽ ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്ന് ഭാഗത്ത് ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) യെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രി 09.30 മണിയോടു കൂടി കറുകച്ചാലിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലെത്തി പാഴ്സൽ വാങ്ങിയതിനു ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കയ്യേറ്റം ചെയ്യുകയും, സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു, കൂടാതെ ബില്ലിംഗ് മെഷീനും, പരസ്യ ബോർഡും, മേശയും, കസേരയും മറ്റും അടിച്ചുതകർക്കുകയും, ഇവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ നിലത്തെറിയുകയുമായിരുന്നു.
ഇയാൾക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ യുവതിയോടും, ഭര്‍ത്താവിനോടും മുൻവിരോധം നിലനിന്നിരുന്നു ഇതിന്റെ തുടര്ച്ചയെന്നോണമാണ് ഇയാള്‍ ആക്രമണം നടത്തിയത് . പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ ജി, എസ്.ഐ മാരായ ജോൺസൺ ആന്റണി, അനില്‍ കെ പ്രകാശ് ചന്ദ്രന്‍, സി.പി.ഓ മാരായ അരുൺ, സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.