Kerala

നെടുമ്പറമ്പിൽ നിക്ഷേപ തട്ടിപ്പ്; ചിറ്റ്‌സ് ആൻഡ് ഫിനാൻസ് ഉടമ എൻ എം രാജു അറസ്റ്റിൽ

തിരുവല്ല: പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഉടമകളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്‌തു. കമ്പനി ചെയർമാൻ എൻ എം രാജു നെടുംപറമ്പിൽ, ഇദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്ജ്, അൻസൻ ജോർജ്ജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ എട്ടരയോടെ തിരുവല്ലയിലെ വീട്ടിൽ നിന്നും ആണ് തിരുവല്ല പൊലീസ് ആണ് അറസ്റ്റ് ചെയ്ത‌ത്‌. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ ഇവരെ കോടതിയിൽ ഹാജരാക്കും. എൻ എം രാജു നെടുംപറമ്പിൽ കേരളാ കോൺഗ്രസ് (ജോസ് കെ മാണി) സംസ്ഥാന ട്രഷറർ കൂടിയാണ്.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എഴുപതോളം പരാതികൾ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിക്ഷേപകർ ജില്ലാ കളക്ടറെ സന്ദർശിച്ച് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം.

വസ്ത്ര വ്യാപാര മേഖലയിലും ഓട്ടോമൊബൈൽ രംഗത്തും സജീവമായിരുന്നു എൻ സി എസ് എന്നപേരിലുള്ള നെടുംപറമ്പിൽ ഗ്രൂപ്പ്. കഴിഞ്ഞ കുറച്ചുനാളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നിക്ഷേപകരുടെ എല്ലാവരുടെയും പണം മടക്കി നല്കാനുള്ള പദ്ധതിയുമായി ഉടമകൾ നീങ്ങവെയാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.

ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് എൻ സി എസ് എന്ന പേരിലുള്ള നെടുംപറമ്പിൽ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിച്ചുവരികയാണ്. ഇക്കാര്യം കമ്പിനി ചെയർമാൻ എൻ എം രാജു നെടുംപറമ്പിൽ നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതോടെ നിക്ഷേപകർ പലരും കാത്തിരിക്കാൻ തയ്യാറായി. എന്നാൽ നിക്ഷേപകരിൽ ഒരു വിഭാഗം പരാതിയും കേസുമായി മുമ്പോട്ടു പോകുകയായിരുന്നു. നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ലെന്നും മടക്കിനൽകുമെന്നും എൻ എം രാജു പറഞ്ഞിരുന്നു.

Related Articles

Back to top button