ബേലൂർ മഖ്നയെ ദൗത്യസംഘം കണ്ടു; മയക്കുവെടി വെച്ചാൽ ആന അക്രമാസക്തനാകാന്‍ സാധ്യത
വയനാട്: പടമല ചാലിഗദ്ദയിലെ കർഷകൻ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം തുടരുന്നു. ആന മണ്ണുണ്ടി വനമേഖലയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ദൗത്യസംഘം വനത്തിനുള്ളിൽ ആനയെ കണ്ടെങ്കിലും മറ്റ് ആനകള്‍ കൂടെ ഉള്ളതിനാല്‍ വെടിവയ്ക്കുക ദുഷ്‌കരമാണെന്നും വെടിവയ്ക്കുന്ന ആളിനു നേരെ ആന പാഞ്ഞടുക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട്. സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വയ്ക്കും. ഏറുമാടത്തിനു മുകളിൽ കയറി വെടിവയ്ക്കാനാണ് ശ്രമമെന്ന് ഡിഎഫ്ഒ അറിയിച്ചു.
വനം വകുപ്പിലെ 15 ടീമുകളും പൊലീസിലെ മൂന്നു ടീമുകളും ദൗത്യത്തിൽ പങ്കെടുക്കും. കുങ്കിയാകളുടെ സാന്നിധ്യത്തിലാകും കാട്ടാനയെ വെടിവയ്ക്കുക. കാട്ടാനയെ പിടിക്കാനുള്ള ദൗത്യം ഞായറാഴ്ചയും തുടർന്നെങ്കിലും വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ദൗത്യം നിർത്തിവച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതു സംഘർഷാവസ്ഥയുണ്ടാക്കി. വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.