Kerala

സ്കൂട്ടർ, സൈക്കിൾ മോഷണം പതിവാക്കിയ പ്രതി പന്തളം പോലീസിൻ്റെ പിടിയിൽ

സ്കൂട്ടർ, സൈക്കിൾ എന്നിവയുടെ മോഷണം പതിവാക്കിയ പ്രതിയെ പന്തളം പോലീസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടികൂടി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് പുറക് വശം അങ്ങാടിക്കൽ തെക്ക് ലക്ഷം വീട് കോളനിയിൽ കൈലാത്ത് വീട്ടിൽ സുഗുണൻ എന്ന് വിളിക്കുന്ന സുബിൻ ജേക്കബ്( 28) ആണ് പോലീസ് നടത്തിയ ശ്രമകരമായ നീക്കത്തിൽ വലയിലായത്. ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കടക്കാട് സ്വദേശി തൻവീർ നൗഷാദിന്റെ സുസുക്കി സ്വിഷ് ഇനത്തിൽപ്പെട്ട സ്കൂട്ടർ മോഷണം പോയത്.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 50 അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മറ്റ് അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. കേസെടുത്തത് മുതൽ മോഷ്ടാവിനെ തേടിയുള്ള നിരന്തര അന്വേഷണത്തിലായിരുന്നു പോലീസ് സംഘം. മോഷണം നടന്ന അഞ്ചാം ദിവസം തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പലയിടത്തും മോഷ്ടാവിന് വേണ്ടി വലവിരിച്ച് അന്വേഷണസംഘം കാത്തിരുന്നു. നല്ല ഉയരമുള്ള മോഷ്ടാവിനെ കണ്ടെത്താനായി, അത്തരം വാഹന മോഷ്ടാക്കളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണം നടത്തി. കഴിഞ്ഞദിവസം തിരുവല്ലയിൽ നിന്നും സൈക്കിൾ മോഷ്ടിച്ചുകടന്ന സുബിനെ പന്തളം പോലീസ് പിന്തുടർന്നുവെങ്കിലും, പോലീസ് നീക്കം മനസ്സിലാക്കിയ ഇയാൾ സൈക്കിൾ ഉപേക്ഷിച്ചു കടന്നിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അന്ന് മോഷ്ടാവ് പോലീസ് പിടിയിലാവാതെ രക്ഷപ്പെട്ടത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നീങ്ങിയ പോലീസ് ഇന്നലെ രാത്രി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച സ്കൂട്ടർ പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോയിപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്ടീവ സ്കൂട്ടർ മോഷണക്കേസിലെ പ്രതിയായ സുബിൻ 8 മാസം ജയിലിൽ കഴിഞ്ഞിരുന്നു. ചെങ്ങന്നൂർ മാന്നാർ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സൈക്കിൾ മോഷണത്തിന് കേസുണ്ട്. ഈ കേസുകളിലും ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്.

അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് നേതൃത്വം നൽകി. എസ് ഐ മാരായ അനീഷ് എബ്രഹാം, സന്തോഷ് കുമാർ, സി പി ഓ മാരായ അൻവർഷ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി മോഷ്ടാവിനെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button