Kerala

തിരുവല്ലയിൽ പെൺകുട്ടിയെ വിഡിയോ കോൾ ചെയ്തു ജീവനൊടുക്കി യുവാവ്

തിരുവല്ല: പെൺകുട്ടിയെ വിഡിയോ കോൾ ചെയ്ത് ജീവനൊടുക്കുമെന്നു പറഞ്ഞ 21കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജർമൻ ഭാഷ പഠിക്കുന്ന കുമളി കൊല്ലംപട്ടട പുഷ്പശേരിൽ അഭിജിത് ഷാജി(21)യാണു മരിച്ചത്. ഉച്ചയ്ക്ക് 3.20ന് തിരുമൂലപുരത്തെ വാടക മുറിയിലാണ് തൂങ്ങി മരിച്ചത്.

അഭിജിത് ഫോണിൽ വിളിച്ചപ്പോൾ തന്നെ പെൺകുട്ടി താമസിക്കുന്ന സ്ഥലത്തു നിന്ന് ഓട്ടോയിൽ ഇവിടെ എത്തിയിരുന്നു. എന്നാൽ അഭിജിത് തൂങ്ങിയ നിലയിൽ നിൽക്കുന്നതാണ് കണ്ടത്. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സഹപാഠിയായ പെൺകുട്ടിയും അഭിജിത്തും അടുപ്പത്തിലായിരുന്നു. പെൺകുട്ടി ബന്ധത്തിൽ നിന്നു പിൻമാറുന്ന കാര്യം അഭിജിത്തിനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇരുവരും ഒന്നര വർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിനു യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പിന്നീടു ചില പ്രശ്നങ്ങളുണ്ടായതോടെ ബന്ധത്തിൽ നിന്നു പിന്മാറാൻ തീരുമാനിച്ചെന്നാണു പെൺകുട്ടി പൊലീസിനോടു പറഞ്ഞത്.

ഇന്ന് രാവിലെയാണ് അഭിജിത് കുമളിയിലെ വീട്ടിൽ നിന്ന് തിരുവല്ലയിലെത്തിയത്. ഇരുവരും ഉച്ചയ്ക്ക് അഭിജിത് താമസിക്കുന്ന മുറിയിൽ വച്ച് സംസാരിച്ചിരുന്നു. പെൺകുട്ടി ബന്ധത്തിൽ നിന്നു പിന്മാറിയെന്നു തോന്നിയ അഭിജിത് ഇവരെ വിഡിയോ കോൾ‌ വിളിച്ച് കയർ കാണിച്ച് തൂങ്ങിമരിക്കാൻ‌ പോകുകയാണെന്നു പറഞ്ഞു. അഭിജിത്തിന്റെ ബന്ധുക്കളെത്തിയ ശേഷം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി. സംസ്കാരം പിന്നീട്. ഷാജിയുടെയും രേണുകയുടെയും മകനാണ് അഭിജിത്. സഹോദരൻ അഖിൽ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker