
ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ല.
അതേസമയം മകരവിളക്ക് മഹോത്സവം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാത കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി പമ്പാനദിക്ക് കുറുകെ സഞ്ചരിക്കാന്‍ താല്‍ക്കാലിക നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. അപകട സാധ്യത ഒഴിവാക്കുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളില്‍ നിലവിലുള്ള സ്ഥിരം ഉദ്യോഗസ്ഥര്‍ക്കു പുറമേ 120 പേരെ അധികമായി വനം വകുപ്പ് വിന്യസിച്ചിട്ടുണ്ട്.






