ഗൾഫ് മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത. കഴിഞ്ഞ തവണ മഴ ലഭിച്ച യു.എ.ഇയിലും യു.എ.ഇയോട് ചേർന്ന് ഒമാനിൻ്റെ വടക്കൻ മേഖലകളിലും ആണ് ശക്തമായ മഴ സാധ്യത. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ മഴ ലഭിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യ, യു.എ.ഇയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചു. സൗദിയിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. പുണ്യ സ്ഥലങ്ങളായ മക്ക, മദീന മേഖലയിലും ശക്തമായ ഇടിമിന്നലോട് കൂടെയുള്ള മഴക്ക് സാധ്യത. ജിദ്ദ, റിയാദ് മേഖലകളിലും മഴ ലഭിക്കും.
ഖത്തറിൽ ഇന്ന് മുതൽ മെയ് 3 വരെയുള്ള ദിവസങ്ങളിൽ ആണ് മഴ. യു.എ.ഇയിൽ ബുധൻ വ്യാഴം ദിവസങ്ങളിൽ വ്യാപകമായ മഴ സാധ്യത. അബുദാബി, അൽഐൻ തുടങ്ങിയ മേഖലകളിൽ മഴ കനക്കും. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഒമാനിലും മഴ തുടങ്ങും.
ഒമാൻ, യു.എ.ഇ തുടങ്ങിയ പ്രദേശങ്ങളിൽ മഴ ശക്തമാകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഗൾഫിൽ ഇപ്പോൾ ചൂടു തുടങ്ങേണ്ട സമയമാണ്. അതിനിടെയാണ് അപ്രതീക്ഷിത മഴ വരുന്നത്. ഗൾഫിലെ വിവിധ രാജ്യങ്ങളുടെ കാലാവസ്ഥ ഏജൻസികൾ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട് .