ഇനി മോട്ടോര്‍ വാഹന വകുപ്പിലെ 60 സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ഇടനിലക്കാരുടെ ചൂഷണത്തിന് പൂട്ടിടാൻ സർക്കാർ

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ പുതിയ പരിഷ്കാരം. ഇനി മുതൽ പരിവാഹൻ പോർട്ടൽ വഴിയുള്ള 60 സേവനങ്ങൾക്ക് ആധാർ അധിഷ്ഠിത ഒ.ടി.പി (OTP) നിർബന്ധമാക്കുന്നു. അപേക്ഷകരെ ഇടനിലക്കാരും അനധികൃത ഏജന്റുമാരും ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന മാറ്റം. സെപ്റ്റംബർ 21 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക.
വാഹൻ (വാഹന സേവനങ്ങൾ), സാരഥി (ലൈസൻസ് സേവനങ്ങൾ) പോർട്ടലുകൾ വഴി നിലവിൽ 60-ഓളം സേവനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. ഇതിൽ 21 സേവനങ്ങൾ മാത്രമാണ് നിലവിൽ നേരിട്ട് ഓഫീസിൽ പോകാതെ തന്നെ (ഫേസ്ലെസ്സ്) ചെയ്യാൻ കഴിയുന്നത്. ബാക്കിയുള്ളവയ്ക്ക് കൃത്യമായ ഒടിപി പരിശോധന ഇല്ലാത്തതിനാൽ, പലപ്പോഴും ഏജന്റുമാർ അപേക്ഷകൾ ബോധപൂർവ്വം വൈകിപ്പിക്കുകയും പിന്നീട് വേഗത്തിലാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് എല്ലാ സേവനങ്ങളും ആധാർ ഒടിപി വഴി പൂർണ്ണമായും ഫേസ്ലെസ്സ് ആക്കാൻ തീരുമാനിച്ചത്.
പുതിയ മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
- പൂർണ്ണമായും ഓൺലൈൻ: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒ.ടി.പി ഉപയോഗിച്ച് സുരക്ഷിതമായി അപേക്ഷകൾ സമർപ്പിക്കാം.
- മുൻഗണനാ ക്രമം: ‘ആദ്യം വരുന്നവർക്ക് ആദ്യം’ (First Come First Serve) എന്ന അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ തീർപ്പാക്കുക.
- ആർ.ടി.ഒ സന്ദർശനം ഒഴിവാക്കാം: വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്ക്ക് ഒഴികെ മറ്റൊന്നിനും ഇനി ആർ.ടി. ഓഫീസ് കയറിയിറങ്ങേണ്ടതില്ല. അപേക്ഷകളുടെ പ്രിന്റ് ഔട്ടുകളും ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല. (ആധാർ ഒടിപി പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം അപേക്ഷകൻ നേരിട്ട് ഓഫീസിൽ എത്തേണ്ടി വരും).
- വീഡിയോ കോൾ സൗകര്യം: ‘നമ്മുടെ കേരളം’ പോർട്ടലിലെ ‘Vmeet’ വഴി വ്യക്തിഗത വാദം കേൾക്കലിനായി ആർ.ടി.ഒയ്ക്ക് മുന്നിൽ വീഡിയോ കോളിലൂടെ ഹാജരാകാം. അനന്തരാവകാശ പരിശോധനയ്ക്കുള്ള സ്ലോട്ടുകളും ഇതിലൂടെ ബുക്ക് ചെയ്യാം.
- ഏജന്റുമാർ വേണ്ട: ഓൺലൈനായി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഏജന്റുമാരെ ഒഴിവാക്കി നേരിട്ട് അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി സെന്ററുകളെയോ സമീപിക്കാം.
- ടെസ്റ്റുകൾക്ക് സ്ലോട്ട് ബുക്കിംഗ് നിർബന്ധം: ലേണേഴ്സ്, ഡ്രൈവിംഗ് ലൈസൻസ്, ഹെവി ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് എന്നിവയ്ക്കുള്ള ടെസ്റ്റുകൾക്ക് സാരഥി പോർട്ടൽ വഴിയും, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിന് വാഹൻ പോർട്ടൽ വഴിയും സ്ലോട്ട് ബുക്ക് ചെയ്യണം.
- ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് (ATS): വാഹന പരിശോധനകൾക്കായി എല്ലാ ജില്ലകളിലും ഉടൻ തന്നെ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ വരും. കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഇതിനോടകം മൂന്നെണ്ണം പ്രവർത്തനസജ്ജമായിട്ടുണ്ട്.





