റാന്നി വാടക വീട്ടിൽ എട്ടാം ക്ലാസുകാരി മരിച്ച നിലയില്‍
Girl found dead in rented house at Ranni
റാന്നി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പില്‍ മുരുപ്പേല്‍ പരേതനായ ജോണ്‍സണിന്റെ മകള്‍ ആഷ്മി ജോണ്‍സനെയാണ് (അച്ചു–12) ജനലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.
ശനിയാഴ്ച രാവിലെ 11 മണിക്കു ശേഷമാണു സംഭവം. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി വാടക വീട്ടില്‍ കഴിഞ്ഞിരുന്നത്. തടി ദേഹത്തു വീണു കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുൻപാണ് മരിച്ചത്. മുത്തച്ഛൻ രോഗം ബാധിച്ചു കിടപ്പിലാണ്. മുത്തശ്ശി പണിക്കു പോയിരുന്നു.
പാചക വാതകത്തിനുള്ള ബുക്ക് മകളെ ഏല്‍പ്പിച്ച് അമ്മ ഷൈലജ റാന്നിക്കു പോയതിനു ശേഷമാണ് സംഭവം. ഗ്യാസ് സിലിണ്ടറുമായി ഏജൻസിയില്‍ നിന്നു ആളു വരുമെന്നു പറയാനായി വിളിച്ചപ്പോൾ കുട്ടിയുടെ സഹോദരനാണ് ഫോണ്‍ എടുത്തത്. ഷൈലജ ലൈനിൽ തന്നെ തുടരുന്നതിനിടെ സഹോദരൻ ഫോണുമായി ആഷ്മിയെ തേടിയെത്തിയെങ്കിലും മുറി അടച്ചിട്ടിരിക്കുകയായിരുന്നു. ജനലിൽ കൂടി നോക്കിയപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്നതാണു കണ്ടത്.
ഉടൻ തന്നെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി ഓട്ടോയിൽ വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാളെ ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും.
Girl found dead in a rented house at Ranni
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)