ഐപിഒ പ്രവേശനത്തിന് Lenskart

ഇന്ത്യൻ ഐവെയർ വിപണിയിലെ വമ്പന്മാരായ ലെൻസ്‌കാർട്ട് (Lenskart) പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഐപിഒ ആരംഭിക്കുന്നതിനായി ലെൻസ്കാർട്ടിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അനുമതി ലഭിച്ചിരിക്കുകയാണ്. നവംബർ മധ്യത്തിൽ ഓഹരി വിപണിയിലെ അരങ്ങേറ്റം ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ. ഐപിഒ വഴി 2150 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2010ൽ ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പീയുഷ് ബൻസാൽ സ്ഥാപിച്ച ലെൻസ്‌കാർട്ടിൽ സോഫ്റ്റ്ബാങ്ക്, വിഷൻ ഫണ്ട്, ടിപിജി തുടങ്ങിയ കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. 2025 ജൂലൈയിൽ ചേർന്ന കമ്പനിയുടെ വാർഷിക പൊതുയോഗം ഐപിഒ പ്രവേശനത്തിന് അനുമതി നൽകിയിരുന്നു.
2025 സാമ്പത്തികവര്‍ഷം 6,415 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം വരുമാന വര്‍ധന നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിപക്ഷവും ഇന്ത്യന്‍ വിപണിയില്‍ നിന്നാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ നിന്ന് 3,865 കോടി രൂപയും വിദേശ വിപണിയില്‍ നിന്ന് 2,550 കോടി രൂപയും നേടാന്‍ ലെന്‍സ്‌കാര്‍ട്ടിന് സാധിച്ചിരുന്നു. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, അക്‌സിസ് ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, അവെന്‍ഡസ് ക്യാപിറ്റല്‍ എന്നീ കമ്പനികളാണ് ഐ.പി.ഒ നടപടികള്‍ നിയന്ത്രിക്കുന്നത്.