Kerala

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

Attempt to kidnap baby from Kottayam Medical College Hospital

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, തെള്ളകം ഭാഗത്ത് വാഴക്കാല വീട്ടിൽ ഏറ്റുമാനൂർ എംഎച്ച്സി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അഷറഫ് എ.വി. (42) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാവിലെ 11 മണിയോടെ ഭർത്താവിന് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന മെഡിക്കൽ കോളേജ് ബേൺസ് യൂണിറ്റിന്റെ വരാന്തയിൽ ഇരുന്ന വീട്ടമ്മയുടെ കൈയിൽ നിന്നും വീട്ടമ്മ ഉറങ്ങിയ സമയം കുട്ടിയെ എടുത്തുകൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇയാളെ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഓ ഷിജി കെ., എസ്ഐ അനുരാജ് എം.എച്ച്., ജയൻ തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Attempt to kidnap baby from Kottayam Medical College Hospital

Related Articles

Back to top button