മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ
വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിൽ
പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്‌റ്റോഴ്‌സ് കട നടത്തുന്ന ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇദ്ദേഹത്തിൻറെ കഴുത്തിൽക്കിടന്ന ആറു പവനോളം വരുന്ന സ്വർണ്ണമാല മോഷണം പോയിട്ടുണ്ട്. കടയിൽ നിന്ന് പണവും നഷ്ടപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും എടുത്തുമാറ്റിയ നിലയിലാണ്.
മൈലപ്ര ബാങ്ക് സെക്രട്ടറിയുടെ പിതാവാണ് ജോർജ്. ജോർജ് എല്ലാ ദിവസവും ആറ് മണിക്ക് കടയടച്ചുപോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകുന്നതിന് വന്നപ്പോളാണ് മരിച്ച നിലയിൽ കണ്ടത്.
പുനലൂർ മൂവാറ്റുപുഴ റോഡിൽ പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഞെട്ടലിലാണ് നാട്ടുകാർ. റോഡിലെയും സമീപത്തെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കട പൊലീസ് സീൽ ചെയ്തു.
Elderly businessman tied to a chair and murdered in mylapra