ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് അടുത്ത തിങ്കളാഴ്ച ഹാജരാകാമെന്ന് പ്രതികൾ
അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കോടതിയിൽ അറിയിച്ചു. മണി ചെയിൻ സാമ്പത്തിക തട്ടിപ്പിലൂടെ 1693 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തൃശ്ശൂരിലെ വീട്ടിൽ വസതിയിൽ ഇ ഡി റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞതോടെ ഇവർ ഒളിവിൽ പോകുകകയായിരുന്നു. ഇരുവരും സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് ഇഡി വിചാരണ കോടതിയിൽ അറിയിച്ചിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്
പ്രതികൾ സമാന സ്വഭാവമുള്ള 19 കേസുകളിൽ കൂടി പ്രതികളാണെന്നും ഇതിൽ മൂന്ന് കേസുകളിൽ വിചാരണ പൂർത്തിയാക്കി ഇവരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും ഇ ഡി കോടതിയിൽ അറിയിച്ചിരുന്നു.
മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,693 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.