Kerala
പോക്സോ കേസിൽ തിരുവല്ല സ്വദേശി പ്രതിക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയി ബലാൽ സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി.
പുളിക്കീഴ് പോലീസ് 2019 നവംബർ 29 ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പൊടിയാടി നെടുമ്പ്രം നടുവിലെ മുറിയിൽ രാജേഷ് ഭവൻ വീട്ടിൽ രാജേഷി(39)നെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ റോഷൻ തോമസ് കോടതിയിൽ ഹാജരായി. പോക്സോ നിയമത്തിലെ 6, 5 വകുപ്പുകൾ പ്രകാരമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം.
അന്നത്തെ എസ് ഐ നിസാമുദീൻ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് ഇൻസ്‌പെക്ടർ ടി രാജപ്പൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം ഹാജരാക്കി. കോടതിനടപടികളിൽ എ എസ് ഐ ഹസീന സഹായിയായി.