Kerala

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതികൾ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ മൂന്നു പ്രതികൾ പിടിയിൽ. തെങ്കാശി സ്വദേശികളായ ബാലസുബ്രമണ്യന്‍, മുരുകൻ, പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് എന്നിവരാണ് പിടിയിലായത്. പ്രതികളെ തെങ്കാശിയിൽനിന്നും പത്തനംതിട്ടയിൽ എത്തിച്ച് തെളിവെടുപ്പിന് കൊണ്ടുപോയി. ഹാരിഫിനെതിരെ മുൻപ് നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധിത്തവണ ജയിലിലും കിടന്നിട്ടുണ്ട്. ഇയാൾ ബാലസുബ്രമണ്യനെയും മുരുകനെയും തമിഴ്‌നാട്ടില്‍ ജയിലിൽ വച്ചാണ് പരിചയപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

ഡിസംബര്‍ 30-ന് വൈകിട്ടാണ് മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കടയ്ക്കുള്ളിലെ മുറിയില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. ദിവസവും 6 മണിക്ക് ജോർജ് കടയടച്ചു വീട്ടിൽ പോകാറാണു പതിവ്. കാണാതായതോടെ കൊച്ചുമകൻ തിരക്കിയെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന 9 പവന്റെ സ്വര്‍ണമാലയും മേശയിലുണ്ടായ പണവും കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണംപോയിരുന്നു.

12 വർഷമായി മൈലപ്ര പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ കച്ചവടം നടത്തുന്നയാളാണു ജോർജ്. കവര്‍ച്ച ലക്ഷ്യമിട്ടുതന്നെയാണ് പ്രതികള്‍ വ്യാപാരിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കഴുത്തുഞെരിച്ചു കൊല്ലാൻ ഉപയോഗിച്ച 2 കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവം നടന്ന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

Police caught three accused in the murder of shop owner in Pathanamthitta Mylapra

Related Articles

Back to top button