ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കെ യുവതി വർക്കല കടലിൽ ചാടി
3 ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
തിരുവനന്തപുരം: വർക്കല ഹെലിപാഡ് കുന്നിൽ നിന്നും കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. തിരുനെൽവേലി സ്വദേശിനിയായ അമൃത (28) യാണ് കടലിലേക്ക് ചാടിയത്. അമൃതയും ആൺ സുഹൃത്ത് ബസന്തും ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലാണ് യുവതി വർക്കലയിൽ എത്തിയത്. ഇവർക്കൊപ്പം ഐസ്ക്രീം കഴിച്ചു കൊണ്ട് നിൽക്കെയാണ് യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു.
ഇന്ന് ഉച്ചക്ക് 2 നായിരുന്നു സംഭവം. ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്. ഏകദേശം 30 അടി താഴ്ചയിലേക്ക് വീണ യുവതിക്ക് ഗുരുതര പരിക്കുകൾ പറ്റി. യുവതിയെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
കൂടെ ഉണ്ടായിരുന്ന 3 ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാക്കൾ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു. വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)