ആലപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ; മകൻ മരിച്ച വിവരം ആരോടും പറയാതെ അച്ഛൻ
വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് അഴുകിയ മൃതദേഹം കണ്ടത്
ആലപ്പുഴ: ചെങ്ങന്നൂരിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുലിയൂർ സ്വദേശി രഞ്ജിത്ത് ജി.നായർ ആണ് മരിച്ചത്. 31 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന അച്ഛൻ മകൻ മരിച്ച വിവരം ആരോടും പറഞ്ഞിരുന്നില്ല. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് അഴുകിയ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
രഞ്ജിത് പിതാവ് ഗോപിനാഥിനൊപ്പമായിരുന്നു താമസം. എന്നാൽ മകൻ മരിച്ച വിവരം അച്ഛൻ ആരോടും പറഞ്ഞിരുന്നില്ല. ഇന്ന് വൈകിട്ട് നാലോടെ കടുത്ത ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
എറണാകുളത്ത് ഓണ്‍ലൈന്‍ കമ്പനിയിലായിരുന്നു രഞ്ജിത്ത് ജോലി ചെയ്തിരുന്നത്. രഞ്ജിത്ത് മാസങ്ങള്‍ക്ക് മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിതാവ് ഗോപിനാഥന്‍ കൂലിപ്പണിക്കാരനാണ്. വീട്ടില്‍ മറ്റാരുമില്ല. ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.