പിഎസ്‌സി പരീക്ഷ പരിശോധനയ്ക്കിടെ ഹാളിൽ നിന്ന് ഇറങ്ങിയോടി യുവാവ്; ആൾമാറാട്ട ശ്രമം എന്ന് സംശയം

helloadminkerala
1 Min Read

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ പരിശോധനയ്ക്കിടെ ഹാളിൽ നിന്ന് ഇറങ്ങിയോടി യുവാവ്. ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തിയ ആൾ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. രക്ഷപ്പെട്ട ആളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. പിഎസ്‌സി പൊലീസിൽ പരാതി നൽകും. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് തട്ടിപ്പിനു ശ്രമം നടന്നത്. രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷ. 52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്.

രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു. പിഎസ്‍സി ചെയർമാനുമായി ആലോചിച്ചശേഷം ഇന്നു തന്നെ പരാതി നൽകുമെന്ന് പിഎസ്‌സി അധികൃതർ പറഞ്ഞു.

Share This Article