കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിൽ 49 പേർ മരിച്ചു: 25 മലയാളികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു. തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണപെട്ടവരിൽ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽ അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാം.
|
മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു.