World

ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവരുന്നത്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു.

കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി. മലയിടുക്കുകളിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ജീവന്റെ ഒരു തുടിപ്പ് പോലും അവശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തുർക്കിയുടെ ഡ്രോൺ സംഘമാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്.

പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റെയ്സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണ്.

1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നശേഷമാണ് പ്രസിഡൻറായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.

Related Articles

Back to top button