
മുംബൈ: മുൻ ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ട കേസിൽ നടി രാഖി സാവന്തിന് മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ പരാതിയിൽ ദിൻദോഷി അഡിഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.
ഒരു ടിവി ഷോയിലൂടെ തന്റെ നഗ്നത പ്രദർശിപ്പിക്കുന്ന സ്വകാര്യ വീഡിയോകൾ പ്രചരിപ്പിച്ചെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വീഡിയോകളിലേക്കുള്ള ലിങ്കുകൾ പങ്കിട്ടുവെന്നുമാണ് ആദിൽ പരാതിയിൽ പറഞ്ഞിരുന്നത്. അംബോളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഐ.ടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. നടിയുടെ അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകൻ വഴി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
മുൻ ഭർത്താവിനെതിരെ ഒന്നിലധികം കേസുകളുള്ളതിനാൽ അദ്ദേഹത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞത്. തന്നെ പീഡിപ്പിക്കാനും സമ്മർദ്ദം ചെലുത്താനും കേസിൽ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും രാഖി വാദിച്ചു.
നടിയുടെ വാദം കോടതി അംഗീകരിച്ചില്ല. നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ രാഖി സാവന്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെ പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൊബൈൽ രാഖിയിൽ നിന്ന് പിടിച്ചെടുക്കാനും കോടതി ആവശ്യപ്പെട്ടു.
Rakhi Sawants Pre-Arrest Bail Rejected In Leaked Videos Case By Adil Khan