Kerala

പത്തനംതിട്ടയിൽ ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് ദാരുണാന്ത്യം

പത്തനംതിട്ട: കോഴഞ്ചേരി കുഴിക്കാലയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരനെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ഇന്നലെ രാത്രി 9.15 നാണ് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്‍ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല പ്ലാങ്കുട്ടത്തിൽ മുരുപ്പേൽ സുധീഷാണ്(17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തിൽ സഹദിന്(27) സാരമായ പരുക്കേറ്റു.

അതേസമയം, അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നു.

സുധീഷിനെ സഹദ് വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോരുന്നതിനിടെയായിരുന്നു അപകടം. കടയിലേക്ക് എന്നു പറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്നും മറ്റു വിവരങ്ങൾ അറിയില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. എസ്‌എൻഡിപി ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് വെച്ച്‌ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. പിൻസീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡില്‍ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞുനോക്കാതെ ബൈക്കെടുത്ത് പോകുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. തുടർന്ന് സഹദിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പിന്നീട് പൊലീസിനു കൈമാറുകയായിരുന്നു.

Related Articles

Back to top button