കശ്മീരില്‍ വ്യോമസേനാ സംഘത്തിനുനേരെ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. 5 സൈനികര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
സുരന്‍കോട്ടില്‍ വച്ചാണ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചത്. പരുക്കേറ്റവരെ വ്യോമമാര്‍ഗം ഉധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.
വൈകുന്നേരം 6:15 ഓടെ, ജരൻവാലിയിൽ നിന്ന് വ്യോമസേനാ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം സൈന്യത്തിന് നേരെ തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച മേഖലയിൽ ഈ വർഷം സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.