Kerala

കോടികളുടെ ലഹരിമരുന്ന് കടത്ത്: ചങ്ങനാശ്ശേരി സ്വദേശിനി നഴ്സിങ് വിദ്യാർത്ഥിനിയടക്കം 2 പേര്‍ പിടിയിൽ

തൃപ്പൂണിത്തുറ: കാറിൽകടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്.വാഹനപരിശോധനക്കിടെ വെട്ടിച്ചു കടന്ന സംഘത്തെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.

ഉച്ചക്ക് കൊച്ചിയിലേക്ക് വരുന്നതിനിടെ കരിങ്ങാച്ചിറയിൽ പൊലീസ് കൈകാണിച്ചെങ്കിലും സംഘം കാർ നിർത്താതെ പാഞ്ഞത്തിനെ തുടർന്ന് പൊലീസ് പിന്തുടർന്നു. ഇരുമ്പനതെത്തിയോടെ പൊലീസിന്റെ കണ്ണുവെട്ടിക്കാൻ കാർ ഷോറൂമിലേക്ക് ലഹരിസംഘം കാർ ഓടിച്ചുകയറ്റി. എന്നാൽ പോലീസ് പുറകെ എത്തിയതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

കാറിൽ നിന്ന് 485ഗ്രാം എംഡിഎംഎ കണ്ടെത്തി. ബാംഗ്ലൂരുവിൽ നിന്നാണ് ലഹരിമാരുന്നെത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് ബാംഗ്ലൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയായ വർഷ കോട്ടയത്ത്‌ എത്തിയത്. ഇവിടെ നിന്ന് തലയോലപ്പറമ്പിലെത്തി സുഹൃത്തുക്കളോടൊപ്പം ലഹരി മരുന്ന് കൈമാറാൻ വരുന്നതിനിടെയാണ് പിടിയിലായത്.

കോട്ടയം സ്വദേശി ഇജാസാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. ഇജാസാണ് ലഹരിമാഫിയ സംഘത്തിലെ പ്രധാനിയെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഘത്തിലെ കൂടുതൽപേരെ കുറിച്ചുള്ള സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും സംഘം സമാനമായ രീതിയിൽ കൊച്ചിയിലേക്ക് ലഹരി കടത്തിയിട്ടുണ്ടെന്നാണ് ഹിൽപാലസ് പൊലീസ് പറയുന്നത്.

Related Articles

Back to top button