Kerala

കുടുംബക്ഷേത്രത്തിൽ നിന്നും നിലവിളക്കും മണിയും മറ്റും കവർന്ന പ്രതി പിടിയിൽ

പത്തനംതിട്ട: കുടുംബക്ഷേത്രത്തിൽ നിന്നും പിത്തളയിൽ തീർത്ത നിലവിളക്കും മണിയും ഗേറ്റ് നിർമാണത്തിനായി സൂക്ഷിച്ച അലൂമിനിയം പൈപ്പുകളും കവർന്ന പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി. കിടങ്ങന്നൂർ പുന്നമല പഴയ പള്ളി ആശുപത്രിക്ക് സമീപം തടുത്തു കാലായിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ശശി(49) ആണ് അറസ്റ്റിലായത്.

മെഴുവേലി തുണ്ടുകാട് ഗുരു മന്ദിരത്തിന് സമീപം അനില്‍ നിവാസ് വീട്ടിൽ അനൂപ് കുമാറിന്റെ കുടുംബക്ഷേത്രത്തിൽ ഈ മാസം എട്ടിന് ഉച്ചയ്ക്ക് 12 നും വൈകിട്ട് ആറുമണിക്കുമിടയിലാണ് അതിക്രമിച്ചു കടന്ന പ്രതി മോഷണം നടത്തിയത്.

ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ മോഷ്ടിവിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് ലഭിച്ച സൂചനകൾ പ്രകാരം ശശിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

നിലവിളക്കും മണിയും മോഷ്ടിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയ മോഷ്ടാവ്, ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സമീപമുള്ള കടയിൽ വിറ്റതായി കുറ്റസമ്മതം നടത്തി. അവിടെയെത്തിച്ച് പിന്നീട് പോലീസ് സംഘം ഇവ കണ്ടെടുത്തു. കടയുടെ നടത്തിപ്പുകാരൻ പ്രതിയെ തിരിച്ചറിഞ്ഞു. വിറ്റ മുതലുകൾ മോഷ്ടാവും തിരിച്ചറിഞ്ഞു, തുടർന്ന് പോലീസ് ഇവ ബന്തവസ്സിലെടുത്തു.

ഇയാൾ സഞ്ചരിച്ച സ്കൂട്ടർ വീടിനു സമീപം റോഡ് വക്കിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓമാരായ സുധീൻ ലാൽ, അനിൽ, രാജൻ കുട്ടി തുടങ്ങിയവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

Related Articles

Back to top button