മോഹൻലാൽ ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന 3ഡി ചിത്രം ബറോസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയ്‌ലര്‍ ത്രീഡി അനുഭവമാണ് സമ്മാനിക്കുന്നത്. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ കുട്ടികള്‍ക്കായി സൃഷ്ടിച്ചിരിക്കുന്ന ഒരു കൗതുക ലോകം കാണാം. സംവിധാനത്തിന് പുറമെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‌ത ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന നോവലിനെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് സിനിമയൊരുക്കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈൻ നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്.