കൊച്ചിയിൽ വയോധികയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

helloadminkerala
1 Min Read

കൊച്ചി: വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അസം സ്വദേശി ഫിർദാസ് പിടിയിൽ. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. ഗുരുതരമായി പരുക്കേറ്റ വയോധിക കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയോധികയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം.

ഡിസംബർ 13ന് വൈകിട്ടാണ് സംഭവം ഉണ്ടായത്. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചിരുന്നു.

ആലപ്പുഴ സ്വദേശിനിയായ 62 വയസ്സുകാരിയാണ് പീഡനത്തിനിരയായതെന്നാണ് സൂചന. എറണാകുളത്ത് അടക്കം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ക്ലോക്ക് റൂമുകളിലും മറ്റും താൽക്കാലിക ജോലി ചെയ്തുവരികയായിരുന്നു.

Share This Article